Latest Updates

കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . തിരുവനന്തപുരം റീജന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമിതിയുടെ റിപ്പോര്‍ട്ട് നിയമമന്ത്രി പി രാജീവിന് കൈമാറി.  ഈസ് ഓഫ് ഡൂയിങ് ബിസിനസ് ലക്ഷ്യത്തിലേക്ക് മുന്നേറുന്നതില്‍ നിര്‍ണ്ണായകമാകുന്ന ശുപാര്‍ശകള്‍ ആണ് സമിതി നല്കിയിട്ടുള്ളതെന്നും  സര്‍ക്കാര്‍ അവ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു. നിയമ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ സി സണ്ണി അധ്യക്ഷനും നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍  കെ. ശശിധരന്‍ നായര്‍, കേന്ദ്രസര്‍ക്കാര്‍ മുന്‍ സെക്രട്ടറി  ടി നന്ദകുമാര്‍ എന്നിവര്‍  അംഗങ്ങളുമായ  സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനൊപ്പം നടപടി ക്രമങ്ങള്‍  ലഘൂകരിക്കുന്നതിനും ശിക്ഷാ വ്യവസ്ഥകള്‍ പരിഹരിക്കുന്നതിനും സമിതി ശുപാര്ശചെയ്തിട്ടുണ്ട്.  വ്യവസായ മേഖലയിലെ പ്രധാന നിയമങ്ങളില്‍  സമൂലമായ മാറ്റം സമിതി ശുപാര്‍ശ ചെയ്തു. രജിസ്റ്ററുകളും റിട്ടേണുകളും ലഘൂകരിക്കുന്നതിനുള്ള നിയമം, വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള വിവിധ നിയമങ്ങളെ ഏകീകരിക്കുന്നതിനുള്ള ശുപാര്‍ശ എന്നിവയും റിപ്പോര്‍ട്ടിലുണ്ട്.  നിലവിലെ സേവനാവകാശ നിയമത്തിന് പകരം പുതിയൊരു നിയമവും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിന് പുറമെ 38 സംസ്ഥാന നിയമങ്ങള്‍ പരിശോധിച്ച് ക്രിമിനല്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും സമിതി നിര്‍ദേശിക്കുന്നു. സംരംഭകരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ 12 നിയമങ്ങളിലെ 22 വകുപ്പുകളും 13 ചട്ടങ്ങളിലെ 23 വകുപ്പുകളും ഭേദഗതി ചെയ്യുന്നതിനും സമിതി ശുപാർശ നൽകി. ഇതിന് പുറമെ 19 പൊതു നിര്‍ദേശങ്ങളും 9 വകുപ്പുകളുമായി ബന്ധപ്പെട്ട 27 നിര്‍ദേശങ്ങളും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും 6 മാസം കൊണ്ട് സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി.  

കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം പ്രവര്‍ത്തനമാരംഭിച്ച സമിതി 27 വ്യാപാര വ്യവസായ സംഘടനകളുള്‍പ്പെടെ 110  സംരംഭകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിച്ച 650-ലധികം നിര്‍ദേശങ്ങളും പരാതികളും പരിശോധിച്ചു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വിലയിരുത്തിയുമാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് സമിതി അധ്യക്ഷന്‍ ഡോ. കെ.സി.സണ്ണി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice